കൊട്ടിയൂർ : വൃദ്ധർ മരിച്ചാൽ സർക്കാരിന് മാസം 1600 രൂപ വീതം ലാഭമാണെന്ന് കണക്കുകൂട്ടുന്ന ഒരു മനുഷ്യത്വരഹിത ഭരണം കേരളത്തിൽ ഉള്ളതുകൊണ്ടാണ് വയോജനങ്ങളുടെ ക്ഷേമ പെൻഷൻ അഞ്ചാറ് മാസമായിട്ടും കൊടുക്കാത്തതെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര പ്രസ്താവിച്ചു. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ബജറ്റിൽ വയോജനക്ഷേമത്തിനായി ഒന്നും നീക്കിവച്ചില്ല. സർവ്വീസ് പെൻഷൻകാർക്ക് കൃത്യമായി പതിനായിരക്കണക്കിന് രൂപ പെൻഷൻ നല്കുന്ന സർക്കാർ മരുന്നിനും ഭക്ഷണത്തിനും വേണ്ടി 1600 രൂപയുടെ ക്ഷേമപെൻഷന് കാത്തിരിക്കുന്ന വയോജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് എപ്പോഴോ ഏതാനും മാസം പെൻഷൻ വിതരണം മുടങ്ങിയല്ലോ എന്ന് ന്യായീകരിച്ച് ഇപ്പോൾ പെൻഷൻ നൽകാതിരിക്കുന്നത് പൗരൻമാരോടുള്ള വെല്ലുവിളിയാണ്. അവർ ചെയ്തതൊക്കെ ചെയ്യാനല്ല നിങ്ങളെ ഭരണമേൽപ്പിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ എല്ലായിടത്തും സമരങ്ങൾ സംഘടിപ്പിക്കുമെന്നും എബ്രഹാം തോണക്കര പറഞ്ഞു.യോഗത്തിൽ എ. എൻ. സുകുമാരൻ, ജോർജ്ജ് കറുകപ്പള്ളി, ജോയ് സെബാസ്റ്റ്യൻ, എൻ. പി. കൃഷ്‌ണൻ നായർ, ജോസ് കൊച്ചുതറ, ഭാസ്കരൻ ആക്കപ്പാറ പ്രസംഗിച്ചു. അഞ്ചുമാസത്തോളമായി വയോജനങ്ങൾക്ക് ലഭിക്കേണ്ട ക്ഷേമപെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. ഈ പെൻഷൻ തുകകൊണ്ട് രോഗചികിത്സയും ജീവിതചിലവുകളും നടത്തിവരുന്നവരാണ് ഈ വിഭാഗത്തിൽ അധികവും. പ്രസ്തുത പെൻഷൻ കിട്ടാത്തതുമൂലം ഈ ജനവിഭാഗം അനുഭവിക്കുന്ന ദുരിതങ്ങൾ വളരെ ഏറെയാണ്. ആയതിനാൽ പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് വയോജന സംഘടന സമരം ആരംഭിച്ചിട്ടുള്ളത്.
Abraham Thonakkara said that the government in Kerala thinks that if the old people die, it is a profit of Rs 1600 per month.